കൂത്തുപറമ്പ്: കണ്ടങ്കുന്ന് മെരുമ്പായി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര മുറ്റത്തെ മൂന്നോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. മുഖം മറച്ചെത്തിയ ഇവരുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രം സെക്രട്ടറി നിർമ്മലഗിരി കരിയിൽ സ്വദേശി കെ. വിജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

