ഭുവനേശ്വർ: നിയമങ്ങളുടെ നൂലാമാലകൾക്ക് മുന്നിൽ ഒരു പാവപ്പെട്ട മനുഷ്യൻ എത്രത്തോളം നിസ്സഹായനാകുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചയായി ഒഡിഷയിലെ ക്യോൻജാർ. മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയിരിക്കുകയാണ് ജീതു മുണ്ട എന്ന ആദിവാസി യുവാവ്. ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ദാരിദ്ര്യവുമാണ് ഈ നൊമ്പരപ്പെടുത്തുന്ന പ്രവർത്തിയിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ക്യോൻജാറിലെ ഡയാനാലി ഗ്രാമത്തിൽ താമസിച്ചിരുന്ന ജീതുവിന്റെ സഹോദരി കാക്ര മുണ്ട രണ്ട് മാസം മുമ്പാണ് മരിച്ചത്. ഭർത്താവും കുട്ടിയും നേരത്തെ മരിച്ച കാക്രയുടെ ഏക ബന്ധു ജീതു മാത്രമായിരുന്നു. കാക്രയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാൻ ജീതു ഒഡീഷ ഗ്രാമീൺ ബാങ്കിനെ സമീപിച്ചെങ്കിലും, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകുകയോ നിയമപരമായ രേഖകൾ സമർപ്പിക്കുകയോ വേണമെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ.
മരണ സർട്ടിഫിക്കറ്റോ പിന്തുടർച്ചാവകാശ രേഖകളോ കൈവശമില്ലാത്ത ജീതു, ബാങ്കിന്റെ കർശനമായ നിർദ്ദേശങ്ങൾ കേട്ട് നിസ്സഹായനായി മടങ്ങി. തുടർന്ന് ഗ്രാമത്തിലെത്തി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത ജീതു, അവ ചാക്കിലാക്കി മൂന്ന് കിലോമീറ്റർ കൊടും ചൂടിൽ നടന്ന് വീണ്ടും ബാങ്കിലെത്തുകയായിരുന്നു. സഹോദരിയെ നേരിട്ട് ഹാജരാക്കാൻ കഴിയാത്തതിനാൽ അവശിഷ്ടങ്ങളെങ്കിലും കാണിച്ച് പണം വാങ്ങാമെന്നായിരുന്നു ആ സാധു മനുഷ്യന്റെ ചിന്ത.
സംഭവമറിഞ്ഞ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാവപ്പെട്ടവർക്ക് അർഹമായ പണം ലഭിക്കാൻ ബാങ്കുകൾ മാനുഷിക പരിഗണന കാണിക്കാത്തതിനെ പലരും വിമർശിച്ചു. ഒടുവിൽ പോലീസ് ഇടപെട്ട് ജീതുവിനെ ശാന്തനാക്കി മടക്കി അയച്ചു. മാനുഷിക പരിഗണന മുൻനിർത്തി ബാങ്ക് അധികൃതരുമായി സംസാരിച്ച് പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

