ഇരിട്ടി: മലയോര മേഖലയിലെ പുഴകളിലും ജലാശയങ്ങളിലും മുങ്ങിമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, അപകടങ്ങൾ തടയാൻ കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി അഗ്നിരക്ഷാ സേന. അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും സംയുക്തമായാണ് വിവിധ അപകടസാധ്യതാ മേഖലകളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കുന്നത്.
ഇരിട്ടി നഗരസഭയുടെ പരിധിയിലുള്ള പുഴകൾ, കുളങ്ങൾ എന്നിവയ്ക്ക് പുറമെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, പായം, ആറളം, അയ്യങ്കുന്ന്, മുഴക്കുന്ന് പഞ്ചായത്തുകളിലെ പുഴയോരങ്ങളിലും കേരള-കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിലും പദ്ധതിയുടെ ഭാഗമായി ബോർഡുകൾ സ്ഥാപിക്കും. മുൻപ് അപകടങ്ങൾ നടന്ന സ്ഥലങ്ങൾ, ശക്തമായ അടിയൊഴുക്കുള്ള ഭാഗങ്ങൾ, കയങ്ങൾ എന്നിവ തിരിച്ചറിഞ്ഞാണ് സന്ദർശകർക്കായി നിർദ്ദേശങ്ങൾ നൽകുന്നത്.
മരണങ്ങൾ വർധിക്കുന്നു; ഇരയാകുന്നത് സന്ദർശകർ:
ബാവലി, ബാരാപോൾ പുഴകളിലായി ഒരു വർഷത്തിനിടെ ശരാശരി പത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്നും ബന്ധുവീടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. പുഴയുടെ സ്വഭാവം മനസ്സിലാക്കാതെ വെള്ളത്തിലേക്ക് ഇറങ്ങുന്നതും മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങുന്നതും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും പലയിടങ്ങളിലും ശക്തമായ അടിയൊഴുക്കും ചുഴികളും അടിത്തട്ടിലെ ചെളിയും അപകടക്കെണിയൊരുക്കുന്നുണ്ട്.
പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:
• പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
• മദ്യപിച്ചോ ഒറ്റയ്ക്കോ പുഴകളിൽ ഇറങ്ങരുത്.
• കുട്ടികൾ ജലാശയങ്ങളിലേക്ക് പോകാതെ പ്രത്യേകം ശ്രദ്ധിക്കുക.
• നീന്തൽ വശമില്ലാത്തവർ അശ്രദ്ധമായി കുളിക്കാനോ നീന്താനോ ഇറങ്ങരുത്.
ഉദ്ഘാടനം:
പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി ഇക്കോ പാർക്കിൽ ആദ്യ ബോർഡ് സ്ഥാപിച്ചുകൊണ്ട് കണ്ണൂർ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ നിർവ്വഹിച്ചു. ഇരിട്ടി സ്റ്റേഷൻ ഓഫീസർ ടി.ഒ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.ബി. ഉന്മേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ.ജി. അശോകൻ, ഡ്രൈവർ നൗഷാദ്, വാർഡ് അംഗം കെ.വി. രാധാകൃഷ്ണൻ, വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

