ചെങ്ങന്നൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പെയ്ത ശക്തമായ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ മുളക്കുഴ പുത്തൻപീടികയിൽ അഷറഫ് പി.എം. – സുനീത ദമ്പതികളുടെ മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.45-ഓടെ പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ മാലക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെയ് 15-ന് ദുബായിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ആസിഫിനെ മരണം തട്ടിയെടുത്തത്.
തൃശ്ശൂരിലും ഫുട്ബോൾ കളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര വാഴവിള സ്വദേശി ബൈജുവിന്റെ വീടിന് മുകളിലും ഇടിമിന്നലേറ്റു. വീടിന്റെ കെ.എസ്.ഇ.ബി മീറ്ററും ഗൃഹോപകരണങ്ങളും പൂർണ്ണമായും കരിഞ്ഞുപോയി.
കൊടുംചൂടിന് ആശ്വാസമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വേനൽമഴ ലഭിച്ചു. മണ്ണൂരും പരിസരത്തും കനത്ത ആലിപ്പഴ വീഴ്ചയുമുണ്ടായി. വ്യാഴാഴ്ച മുതൽ മെയ് 2 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

