തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തലശ്ശേരി സെഷൻസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസിൽ പ്രതിചേർക്കപ്പെട്ട ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ നൽകിയ ജാമ്യഹർജിയിലാണ് വാദം പൂർത്തിയായത്. പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദമുഖങ്ങൾ കോടതിയിൽ വിശദമായി അവതരിപ്പിച്ചു.
സംഭവദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ 1.10 വരെ നിതിൻരാജ് പ്രിൻസിപ്പലിന്റെ ക്യാബിനിൽ ഉണ്ടായിരുന്നതായി ഡോ. റാമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവിടെ സംസാരിച്ചതെന്നും, ഈ സമയത്തൊന്നും ഡോ. റാം പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. അവസാന നിമിഷങ്ങളിൽ നിതിനുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല. ഒരു മാസം മുൻപ് അധിക്ഷേപിച്ചു എന്നാണ് റാമിനെതിരെയുള്ള ആരോപണം. പ്രിൻസിപ്പൽ കാര്യങ്ങൾ കൃത്യമായി രക്ഷിതാക്കളെ അറിയിക്കാത്തതാണ് പരാതിക്ക് ഇടയാക്കിയതെന്നും, കോളേജിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് മറ്റ് വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയ ശേഷമാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഡോ. റാമുമായി പ്രശ്നങ്ങളുണ്ടായിരുന്ന കാര്യം നിതിൻ പ്രിൻസിപ്പലിനോട് പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മാത്രമല്ല, നിതിൻ സഹതാപം പിടിച്ചുപറ്റാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയതാണെന്ന് ഡോ. റാം പറഞ്ഞതായി സഹപാഠിയുടെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലതയെക്കൊണ്ട് പരാതി നൽകിച്ചത് ഡോ. റാമാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വിധി പറയാനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിയത്.

