കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒൻപത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് നടക്കുന്ന യോഗത്തിൽ കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധിയും മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യമുമാണ് പ്രധാനമായും ചർച്ച ചെയ്യുക.
മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനോടുള്ള മുസ്ലിം ലീഗിന്റെ പ്രതികരണവും യോഗത്തിൽ നിർണായകമാകും. ലീഗിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിക്കാത്ത തീരുമാനമുണ്ടായാൽ സ്വീകരിക്കേണ്ട സമീപനവും ചർച്ചയാകും.
ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം ഉറച്ചുനിൽക്കുന്നത്. സമവായ സ്ഥാനാർഥിയായി രമേശ് ചെന്നിത്തലയുടെ പേര് ഉയർന്നാലും ലീഗ് എതിർപ്പ് അറിയിക്കില്ലെന്നാണ് സൂചന. എന്നാൽ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് പോയാൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടാണ് ലീഗ് ആലോചിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെതിരെ ലീഗ് എം.എൽ.എമാരടക്കമുള്ള നേതാക്കൾ ഇതിനകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ മുന്നണിക്കുള്ളിൽ അസ്വസ്ഥത വർധിക്കുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്.
ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യു.ഡി.എഫിന് വോട്ട് ചെയ്തതെന്നും സർക്കാർ രൂപീകരണത്തിൽ അനാവശ്യ വൈകിപ്പ് ജനങ്ങളിൽ നിരാശ സൃഷ്ടിക്കുന്നുവെന്നും ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു. അധികാരത്തിലെത്തിയാൽ ഉടൻ പരിഗണിക്കേണ്ട നിരവധി പൊതുപ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യം തിരിച്ചറിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

