back to top
Wednesday, April 22, 2026
Homeകേരളംമുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: 5 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; 10 പേരുടെ നില അതീവ ഗുരുതരം,...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: 5 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; 10 പേരുടെ നില അതീവ ഗുരുതരം, തിരച്ചിൽ ഊർജ്ജിതം

തൃശൂർ: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പതിമൂന്ന് പേർക്കാണ് ഈ വൻ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ് ഉള്ളത്.

തിരുവമ്പാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള വെടിക്കെട്ടുപുരയിലാണ് അതിദാരുണമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുനരാരംഭിക്കും. മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കും. രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ എറണാകുളത്ത് നിന്നും റോബോട്ടുകളെ എത്തിക്കുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വ്യക്തമാക്കി. ഫോറൻസിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന തുടരുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹ ഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനയും ഇന്ന് നടക്കും.

അപകടത്തിൽ പോലീസും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പുറമെ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തം നേരിടാനുള്ള അടിയന്തര ചിലവുകൾക്കായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ് (8547614620), തൃശൂർ താലൂക്ക് ഓഫീസ് (04884 232226) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments