back to top
Tuesday, April 21, 2026
Homeകേരളംതൃശൂർ വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 13 ആയി; തൊഴിലാളികളുടെ ശരീരഭാഗങ്ങൾ പാടത്തേക്ക് ചിതറിത്തെറിച്ച നിലയിൽ, 5...

തൃശൂർ വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 13 ആയി; തൊഴിലാളികളുടെ ശരീരഭാഗങ്ങൾ പാടത്തേക്ക് ചിതറിത്തെറിച്ച നിലയിൽ, 5 പേർക്ക് ഗുരുതര പരുക്ക്‌

തൃശൂർ: തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടുള്ള അഞ്ച് വെടിമരുന്ന് പുരകളിലുണ്ടായ വൻസ്‌ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീര അവശിഷ്ടങ്ങളും ലഭിച്ചതായി തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പലരുടെയും ശരീര ഭാഗങ്ങൾ പാടത്തു നിന്നുമാണ് കണ്ടെടുത്തത്. അപകട സമയത്ത് പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 3.30-നാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ടു മണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സമീപത്തെ മതിൽ തകർത്താണ് സംഭവസ്ഥലത്ത് എത്തിയത്. വൈകീട്ട് ആറു മണിയോടെ തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. എങ്കിലും സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നതും പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസിയും പ്രധാന ചുമതലക്കാരനുമായ മുണ്ടത്തിക്കോട് സതീഷിനും പൊള്ളലേറ്റിട്ടുണ്ട്.

സെക്കൻ്റുകൾക്കുള്ളിൽ ഓടിരക്ഷപ്പെട്ടു; നടുക്കം മാറാതെ ദൃക്സാക്ഷി

ഉഗ്ര സ്ഫോടനത്തിൽ നിന്ന് ഒരു തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കളത്തില്‍ തിരി ഉണക്കാനിടുന്നതിനിടെയാണ് തീപിടിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. കടുത്ത ചൂട് കാരണമാകാം അപകടമുണ്ടായതെന്നാണ് നിഗമനം. “ഞാൻ നിൽക്കുന്നിടത്തേക്ക് തീ പിടിക്കുകയായിരുന്നു. തിരി കത്തുന്നത് കണ്ട ഉടൻ തന്നെ വീണ് മറിഞ്ഞ് എഴുന്നേറ്റ് ഓടുകയായിരുന്നു. വേലിക്കമ്പി എടുത്ത് ചാടി പാടത്തേക്ക് എത്തിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പിന്നാലെ മുഴുവൻ പൊട്ടാൻ തുടങ്ങി. എല്ലാം സംഭവിച്ചത് രണ്ടോ മൂന്നോ സെക്കൻ്റുകൾ കൊണ്ടാണ്. ആർക്കെങ്കിലും ഓടാൻ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് ആ രണ്ട് സെക്കൻ്റുകൾ മാത്രമാണ്. അതിനുള്ളിൽ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായി,” അദ്ദേഹം പറഞ്ഞു.

ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് അഞ്ച് പുരകളിലായി ഇവിടെ നിർമിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments