തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരപീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് 91 മുറിവുകളുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും തലയിലെ നീർക്കെട്ടും രക്തസ്രാവവുമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ പോലീസ് നടത്തിയ ഇൻക്വസ്റ്റിൽ 51 മുറിവുകളെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തത തുടരുകയാണ്.
ചവിട്ടുപടിയിൽനിന്ന് വീണ് കുട്ടിയുടെ കൈ ഒടിഞ്ഞെന്നാണ് കേസിൽ അറസ്റ്റിലായ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്‌കറും പോലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പോലീസ് പറയുന്നത്.
കുട്ടിയെ നിരന്തരം മർദിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനച്ഛനായ അഷ്‌കർ സമ്മതിച്ചിട്ടുണ്ട്. അഖിലയ്ക്കും തനിക്കും ഒരുമിച്ച് താമസിക്കാൻ കുട്ടി തടസമാകുമെന്ന് കരുതിയാണ് മർദിച്ചത്. കുട്ടി ഇടയ്ക്കിടെ കരയുന്നതും പ്രകോപനമുണ്ടാക്കിയെന്നും ഇയാൾ മൊഴി നൽകിയിരുന്നു. കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾക്ക് പുറമേ എസ്.സി/എസ്.ടി അതിക്രമ നിരോധന വകുപ്പ് കൂടി ചേർക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി കുട്ടിയുടെ അമ്മയായ അഖിലയുടെയും പിതാവ് അഖിലിന്റെയും ജാതി സർട്ടിഫിക്കറ്റുകൾ പോലീസ് ശേഖരിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ അഖിലയ്‌ക്കെതിരേ നിലവിൽ കൊലപാതകപ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഷ്‌കർ കുട്ടിയെ മർദിക്കുന്നതെല്ലാം അഖില അറിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.
ഒന്നരവയസ്സുകാരനായ അർഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛനായ അഷ്‌കറിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ക്രൂരപീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരെയും പോലീസ് പിടികൂടിയത്. അഖിലയുടെയും ആദ്യഭർത്താവായ അഖിലിന്റെയും മകനാണ് അർഷിത്. രണ്ടുവർഷം മുൻപാണ് അഖിൽ മരിച്ചത്. ഇതിനുശേഷമാണ് അഖില അഷ്‌കറിനൊപ്പം താമസം ആരംഭിച്ചത്.

