back to top
Thursday, May 14, 2026
Homeകണ്ണൂർകെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബസ്സുടമകൾ

കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബസ്സുടമകൾ

തലശ്ശേരി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് യാത്രാസൗജന്യം അനുവദിച്ചാൽ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാകുമെന്നും, തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രംഗത്ത്. യാത്രാസൗജന്യം നടപ്പിലാക്കിയാൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

യാത്രക്കാരിൽ 70 ശതമാനവും സ്ത്രീകൾ

നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഏതാണ്ട് 70 ശതമാനത്തോളം വരും ഇവരുടെ എണ്ണം. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയാൽ ഇവരെല്ലാം കെ.എസ്.ആർ.ടി.സിയിലേക്ക് മാറും. ഇവർക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും, കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാരും സ്വാഭാവികമായും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതോടെ സ്വകാര്യ ബസുകൾക്ക് കനത്ത വരുമാനനഷ്ടം സംഭവിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ പറഞ്ഞു.

ബസുകളുടെ എണ്ണം 30,000-ൽ നിന്ന് 7,000 ആയി ചുരുങ്ങി

വളരെ വിഷമിച്ചാണ് സ്വകാര്യ ബസ് സർവീസുകൾ ഇപ്പോൾ തന്നെ മുന്നോട്ടുപോകുന്നത്. യാത്രക്കാരില്ലാത്ത സാഹചര്യം വന്നാൽ സർവീസ് കൊണ്ടുപോകാനോ തൊഴിലാളികളുടെ തൊഴിൽ നിലനിർത്താനോ സാധിക്കില്ല. നേരത്തെ മുപ്പതിനായിരത്തോളം സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ വെറും ഏഴായിരത്തോളം ബസുകൾ മാത്രമാണ് നഷ്ടം സഹിച്ചും സർവീസ് നടത്തുന്നത്. ഇനി സ്ത്രീകൾക്കുള്ള യാത്രാസൗജന്യം കൂടി നടപ്പിലാക്കി സ്വകാര്യ ബസുകളെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടരുതെന്നും, സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസുകളെ കൂടി സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കണമെന്നും ബസ്സുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments