തളിപ്പറമ്പ്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുറ്റൂർ എടക്കോം കണരാംവയലിലെ ടി.എ. അഭിലാഷ് (41) നൽകിയ പരാതിയിലാണ് കൂവേരി സ്വദേശികളായ ജിതിൻ, രജീഷ്, രജിഷ, രജിഷയുടെ പിതാവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 7-ന് വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. മൂന്നാം പ്രതിയായ രജിഷയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജിതിനും രജീഷും ചേർന്ന് പരാതിക്കാരനെ കാറിൽ കൂട്ടിക്കൊണ്ടുപോയതായാണ് പരാതി.
തുടർന്ന് കാറിനുള്ളിൽ വെച്ച് ജിതിൻ കൈകൊണ്ടും സ്റ്റീൽ വള ഉപയോഗിച്ചും മർദിച്ചതായും തുടർന്ന് കൂവേരിയിലെ പ്രതികൾ പുതുതായി നിർമ്മിക്കുന്ന വീട്ടിലെത്തിച്ച് നാലുപേരും ചേർന്ന് കല്ലും ചെരിപ്പും ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളുണ്ടായിരുന്ന മൊബൈൽ ഫോണും എ.ടി.എം കാർഡും അടിച്ചുതകർത്തതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഏകദേശം 12,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു.
തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

