കൊച്ചി: ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം. ബുധനാഴ്ച ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന്റെ വില 1,23,120 രൂപയായി കുതിച്ചുയർന്നു. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലുമെത്തി.
രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായാണ് സ്വർണ്ണത്തിന്റെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയതാണ് ആഭ്യന്തര വിപണിയിൽ ഇത്രവലിയ പ്രതിഫലനമുണ്ടാക്കിയത്.
അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർ വിദേശത്തേക്ക് ഒഴുകുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് സർക്കാരിന്റെ ഈ അസാധാരണ നീക്കം. രാജ്യത്തിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ കടുപ്പിക്കുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, വില ഇത്രയധികം കുതിച്ചുയർന്ന സാഹചര്യത്തിൽ പഴയ സ്വർണ്ണം വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകർ ശ്രമിച്ചേക്കുമെന്നും വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

