കണിച്ചാർ: കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ മകൻ ക്രിസ്റ്റിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ പേരാവൂർ ഡി.വൈ.എസ്.പി. ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കൊലപാതകം നടന്ന കൊളക്കാട്ടെ വീട്ടിലെത്തിച്ചത്. കൊലചെയ്ത സ്ഥലവും അത് നിർവ്വഹിച്ച രീതിയും പ്രതി പോലീസിന് കാണിച്ചുകൊടുത്തു.
ജോലി കഴിഞ്ഞെത്തിയ അമ്മ ഗീതമ്മയുമായി വീട്ടിലുണ്ടായിരുന്ന ക്രിസ്റ്റി വഴക്കിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തിൽ ആഴത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റു കട്ടിലിൽ വീണ ഗീതമ്മയെ പ്രതി വീണ്ടും രണ്ടുതവണ കൂടി കുത്തി മരണം ഉറപ്പാക്കിയതായും തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ക്രൂരമായ ഈ കൊലപാതകത്തിന് ശേഷം പ്രതി വീട്ടിലെ വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന വല്യമ്മയോട് “അമ്മയ്ക്ക് ഞാനൊരു പണി കൊടുത്തു” എന്ന് പറഞ്ഞതായും ക്രിസ്റ്റി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക് ഉപയോഗിച്ച ആയുധവുമായി പ്രതി സ്വമേധയാ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 24-ന് രാത്രിയിലാണ് കേളകത്ത് ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്ന താന്നിക്കുന്നിലെ ഗീതമ്മ (53) മകൻ ക്രിസ്റ്റിയുടെ (25) കൈകളാൽ കൊല്ലപ്പെടുന്നത്. നാടിനെ നടുക്കിയ ഈ സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കൊണ്ടുപോയി. പ്രതിയുടെ മൊഴികളും തെളിവെടുപ്പിലെ കണ്ടെത്തലുകളും പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പേരാവൂർ ഡി.വൈ.എസ്.പി.ക്കും കേളകം എസ്.എച്ച്.ഒ.ക്കും പുറമെ വലിയൊരു പോലീസ് സംഘം തന്നെ തെളിവെടുപ്പിനായി സ്ഥലത്തെത്തിയിരുന്നു. എസ്.ഐ.മാരായ മുഹമ്മദാലി, റോബിൻസൺ, സി.വി. ഗംഗാധരൻ, എ.എസ്.ഐ.മാരായ സിജു ജോണി, കെ. ശ്രീജിത്ത്, റംലാ ബീവി, വികാസ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.വി. ജിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിധിൻ ചാക്കോ, രജനി രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

