അമ്പലത്തറ: തായന്നൂർ വളാപ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും വൻ മോഷണം. എ.യു. ജോണിന്റെ വീട്ടിൽ നിന്നാണ് എട്ട് പവന്റെ സ്വർണ്ണാഭരണങ്ങളും പതിനയ്യായിരം രൂപയും കവർന്നത്. ഈ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം.
പരാതിക്കാരനായ ജോൺ അഞ്ചാം തീയതി വീട് പൂട്ടി പോയപ്പോൾ താക്കോൽ മുൻവശത്തെ വാതിലിന് മുകളിലുള്ള ഫോട്ടോയ്ക്ക് പിറകിലായിരുന്നു വെച്ചിരുന്നത്. രാത്രി 11 മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. മുകളിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് പ്രാഥമിക നിഗമനം.
വീടിനുള്ളിൽ കടന്ന മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ തൂക്കം വരുന്ന ആഭരണങ്ങളും 15,000 രൂപയുമാണ് കൈക്കലാക്കിയത്. അലമാരകൾ പരിശോധിച്ച നിലയിലായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

