ചെന്നൈ: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ എത്തുന്നതിന് പിന്നാലെ നടന്ന ഈ കൂടിക്കാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് വീടിനകത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിന്റെയും ഉദയനിധിയുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി വിജയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. തിരിച്ച് സ്റ്റാലിനെയും വിജയ് ആദരിച്ചു. ഉദയനിധി സ്റ്റാലിൻ വിജയിക്ക് പുസ്തകം സമ്മാനിച്ചു.
പൊതുഭരണം, ആഭ്യന്തരം, പോലീസ് എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനിടെ, മറ്റു നിയമസഭാംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിജയ് ഉൾപ്പെടെ 99 നിയുക്ത ടി.വി.കെ എം.എൽ.എമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തി സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ വിജയ്‌യോട് നിർദ്ദേശിച്ചിട്ടുള്ളത്.

