മയ്യിൽ: കനത്ത വേനൽ മഴ ആരംഭിച്ചതോടെ മയ്യിൽ പഞ്ചായത്തിലെ കടൂർ ഒറവയലിൽ ആഫ്രിക്കൻ ഒച്ചുശല്യം വ്യാപകമാകുന്നു. കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം മുതൽ ഒച്ചുകളെ കൂട്ടത്തോടെ കണ്ടുതുടങ്ങിയത്. വീട്ടു വരാന്തകളിലും മതിലുകൾക്ക് മുകളിലുമായി ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ്. പ്രദേശവാസികളായ പണ്ണേരി ശാരദ, പണ്ണേരി രാജേഷ് എന്നിവരുടെ വീടുകൾക്ക് സമീപമാണ് ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
വിവരമറിഞ്ഞ് പഞ്ചായത്തംഗങ്ങളായ ടി.കെ. ബാലകൃഷ്ണൻ, പിട്ടൻ രാജേഷ് എന്നിവർ സ്ഥലത്തെത്തുകയും കൃഷി വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് മയ്യിൽ കൃഷിഭവനിലെ അസിസ്റ്റന്റുമാരായ പി.വി. അഖിൽ, സി. ബിനോജ് എന്നിവർ സ്ഥലം സന്ദർശിച്ച് ഒച്ചിനെ പ്രതിരോധിക്കേണ്ട രീതികൾ നാട്ടുകാർക്ക് വിശദീകരിച്ചു നൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശവാസികൾക്കായി ഒറവയൽ ഗ്രാമദീപം വായനശാലയിൽ കൃഷി വിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് പ്രത്യേക ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഒച്ചിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• തോട്ടങ്ങൾ കൃത്യമായി ശുചീകരിക്കുകയും സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്യുക.
• ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ച് 10 മുതൽ 25 ശതമാനം വരെ വീര്യമുള്ള ഉപ്പുവെള്ളത്തിൽ ഇട്ട് നശിപ്പിക്കുക.
• നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് ഒച്ചുകളെ അതിലേക്ക് ആകർഷിച്ച ശേഷം കൂട്ടത്തോടെ ശേഖരിച്ച് നശിപ്പിക്കുക.
• തുരിശ് ലായനി ഉപയോഗിച്ച് ഒച്ചുകളെ ഇല്ലാതാക്കാം.
• ഒച്ചുശല്യമുള്ള ഇടങ്ങളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് നടീൽ വസ്തുക്കൾ കൊണ്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

