തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാനം ഒരുങ്ങി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭ ഇന്ന് (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് ജനങ്ങളെ സാക്ഷിയാക്കി അധികാരമേൽക്കും. സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
പതിനയ്യായിരത്തോളം പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയമാണ് ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ചരിത്രം കുറിച്ച് യുവനിരയും വനിതകളും
1982-ലെ കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്ര മുഹൂർത്തമാണിത്. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 16 പേരും പുതുമുഖങ്ങളാണ്. രണ്ട് വനിതാ മന്ത്രിമാരും, രണ്ട് പട്ടിക വിഭാഗത്തിൽ നിന്നുള്ളവരുമുണ്ട്. കാബിനറ്റ് പദവിയിൽ യു.ഡി.എഫ് ചരിത്രത്തിലാദ്യമായി മൂന്ന് വനിതകൾ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ബിന്ദുകൃഷ്ണ, കെ.എ. തുളസി എന്നിവർ മന്ത്രിമാരാകുമ്പോൾ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. 1960-64ൽ എ. നഫീസത്ത് ബീവിക്കു ശേഷം ആദ്യമായാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.
ആദ്യമായി എം.എൽ.എയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് മന്ത്രിസഭയിലെത്തിയതാണ് ഏറ്റവും വലിയ സർപ്രൈസ്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് മുൻപ് മന്ത്രിമാരായിരുന്നവർ.
ടേം വ്യവസ്ഥയിലെ പുതുമകൾ
ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗും മന്ത്രിസ്ഥാനത്തിന് ടേം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പ്രാതിനിധ്യം നൽകാൻ രണ്ടരവർഷം കഴിഞ്ഞ് പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്ന് ലീഗ് പ്രഖ്യാപിച്ചെങ്കിലും ആരാണ് ഒഴിയുകയെന്ന് വ്യക്തമാക്കിയിട്ടില്ല. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും മാണി സി. കാപ്പനും തമ്മിലും ടേം വ്യവസ്ഥയുണ്ട്. അനൂപ് ജേക്കബാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
സാമൂഹിക സാഹചര്യം, മേഖലാ പരിഗണന, സ്ത്രീ പ്രാതിനിധ്യം തുടങ്ങിയവ പരിഗണിച്ചതിനാൽ അർഹരായ പലരെയും ഒഴിവാക്കേണ്ടി വന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു.
മന്ത്രിമാർ ഇവർ:
വി.ഡി. സതീശൻ (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, അബ്ദുൽ ഗഫൂർ, സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്.

