തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കാൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് വേതന വർധനവ് തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് ആദ്യ കാബിനറ്റിൽ കൈക്കൊണ്ടത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജന വകുപ്പിന് ജപ്പാൻ മോഡൽ
ജൂൺ 15 മുതൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനമായി. കൂടാതെ രാജ്യത്താദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന സംരക്ഷണത്തിൽ ഏറ്റവും മികച്ച മാതൃകയായ ജപ്പാൻ മോഡൽ പഠിച്ചായിരിക്കും സംസ്ഥാനത്ത് ഈ വകുപ്പ് നടപ്പിലാക്കുക. ഈ രണ്ട് ഗ്യാരണ്ടികളാണ് സർക്കാർ ആദ്യം നടപ്പിലാക്കുന്നത്.
ആശാ വർക്കർമാർക്ക് നൽകിയ വാക്ക് പാലിച്ചു
സമരപ്പന്തലിൽ പോയി നൽകിയ വാക്ക് പാലിച്ചുകൊണ്ട് ആശാ വർക്കർമാരുടെ വേതനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ 3000 രൂപയുടെ വർധനവ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇവരുടെ റിട്ടയർമെന്റ് ബെനഫിറ്റ് സംബന്ധിച്ച തീരുമാനം അടുത്ത ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കണവാടി, പാചകത്തൊഴിലാളികൾക്കും വേതനം വർധിപ്പിച്ചു
അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും വേതനം 1000 രൂപ വീതം വർധിപ്പിച്ചു. സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിൽ 1000 രൂപയുടെ വർധനവ് വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയവും 1000 രൂപ കൂട്ടി. സാമ്പത്തിക ബാധ്യതകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഈ ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

