കോഴിക്കോട്/തൊടുപുഴ: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ ഇടുക്കി ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താക്കുറിപ്പിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാണ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റി അടിയന്തര നടപടി സ്വീകരിച്ചത്.
നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമും വ്യക്തമാക്കി. ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി പൂർണ്ണമായും തള്ളിക്കളയുകയാണ്.
ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കരുതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് കൃത്യമായി പരിശോധിച്ച് അവർക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

