back to top
Tuesday, May 12, 2026
Homeകേരളംമുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; അന്തിമ തീരുമാനം സോണിയാ ഗാന്ധിക്ക് വിടാൻ സാധ്യത, കെ.സി. വേണുഗോപാലിന് മുൻതൂക്കം

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; അന്തിമ തീരുമാനം സോണിയാ ഗാന്ധിക്ക് വിടാൻ സാധ്യത, കെ.സി. വേണുഗോപാലിന് മുൻതൂക്കം

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ, വിഷയത്തിൽ രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുന്നു. നെഹ്റു കുടുംബത്തോട് അടുപ്പമുള്ളവരുമായും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും അദ്ദേഹം ഇന്ന് സംസാരിക്കും. അതേസമയം, കെ.സി. വേണുഗോപാലുമായി രാഹുൽ ഗാന്ധിക്കും തനിക്കും വ്യക്തിപരമായ അടുപ്പമുള്ളതിനാൽ മുഖ്യമന്ത്രി കാര്യത്തിൽ അന്തിമ തീരുമാനം സോണിയാ ഗാന്ധി എടുക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ചർച്ചകളുടെ ഭാഗമായി പ്രിയങ്കാ ഗാന്ധിയുമായും ഖാർഗെയുമായും രാഹുൽ സംസാരിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ നിലപാടും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. എട്ട് ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി പുകയുകയാണ്. അന്തിമ റിപ്പോർട്ടുകൾ പ്രകാരം കെ.സി. വേണുഗോപാലിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. 50-ലേറെ എം.എൽ.എമാരുടെ പിന്തുണ കെ.സിക്കുണ്ടെന്നും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒറ്റയക്ക പിന്തുണ മാത്രമാണുള്ളതെന്നുമാണ് നിരീക്ഷകരുടെ റിപ്പോർട്ട്. എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ മറികടന്ന് മറ്റൊരു തീരുമാനം ഹൈക്കമാൻഡ് എടുക്കാൻ സാധ്യത കുറവാണ്. ബുധനാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ചോയ്സ് കെ.സി. വേണുഗോപാൽ ആണെന്നും, സംസ്ഥാനത്തെ പ്രതിഷേധങ്ങൾ തണുക്കുന്നത് കാത്തിരിക്കാനാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments