കണ്ണൂർ: ഭരണമാറ്റത്തിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കാതെ ഭരണാനുകൂല സംഘടനകൾ നൽകുന്ന ലിസ്റ്റ് വെച്ച് ജീവനക്കാരെ വ്യാപകമായി സ്ഥലം മാറ്റുന്നതിനെതിരെ കണ്ണൂരിൽ വൻ പ്രതിഷേധം. അന്യായമായ സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. സുഷമ, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. സ്മിത എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.
യൂണിയന്റെ സംഘടനാ പ്രവർത്തകരെയും അനുഭാവികളെയും തിരഞ്ഞുപിടിച്ച് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയാണെന്ന് നേതാക്കൾ ആരോപിച്ചു. അധികാരത്തിന്റെ ഹുങ്കിൽ നടത്തുന്ന ഇത്തരം ധിക്കാര നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ജീവനക്കാരോട് അഭ്യർത്ഥിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ഈ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം.

