ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവ്. ടി.വി.കെ അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ ഏറുന്നു. സി.പി.ഐ (CPI), സി.പി.എം (CPM) എന്നീ പാർട്ടികൾ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെ സഖ്യം 116 എന്ന സംഖ്യയിലേക്ക് എത്തിയിരിക്കുകയാണ്. ഇടതുപാർട്ടികൾക്ക് തൊഴിൽ വകുപ്പ് ഉൾപ്പെടെയുള്ള മന്ത്രിസ്ഥാനങ്ങൾ നൽകാമെന്ന ധാരണയിലാണ് പിന്തുണ ഉറപ്പാക്കിയത്.
വി.സി.കെ (VCK) നേതാവ് തിരുമാവളവന്റെ പിന്തുണ കൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് ടി.വി.കെ എത്തും. തിരുമാവളവനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് സൂചന. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ ആർ.എൻ. രവി നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും, പിന്തുണ കത്തുകൾ സമാഹരിച്ചതോടെ വിജയ് ഇന്ന് വീണ്ടും രാജ്ഭവനിൽ എത്തി ഗവർണറെ കാണും.
ഡി.എം.കെ (DMK) പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ (AIADMK) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണെങ്കിലും, ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പായതോടെ വിജയ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. എൻ.ഡി.എ (NDA) കക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്ന ഉറപ്പും സഖ്യകക്ഷികൾക്ക് വിജയ് നൽകിയിട്ടുണ്ട്.

