ആലപ്പുഴ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫിനെയും പരസ്യമായി പിന്തുണച്ചിരുന്ന വെള്ളാപ്പള്ളിയുടെ സ്നേഹം യഥാർത്ഥത്തിൽ പാർട്ടിയെ തുണച്ചോ അതോ ദോഷം ചെയ്തോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകൾ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ വിള്ളലുണ്ടാക്കിയെന്നാണ് പ്രാഥമിക വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലെ വിവേചനം ഉൾപ്പെടെയുള്ള വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങളെ സി.പി.എം. ശക്തമായി തള്ളിപ്പറയാതിരുന്നത് മുസ്ലിം ന്യൂനപക്ഷങ്ങൾ പാർട്ടിയോട് അകലാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. കൂടാതെ, വി.ഡി. സതീശനെതിരെയുള്ള അദ്ദേഹത്തിന്റെ നിരന്തരമായ വിമർശനങ്ങൾ ജനങ്ങൾക്കിടയിൽ സതീശന് അനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കാനാണ് സഹായിച്ചത്. ഈഴവ വോട്ടുകൾ തിരികെ പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കങ്ങളെ വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകൾ തകിടം മറിച്ചുവോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

