തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് മൂന്നാം തവണയും തുടർഭരണം നേടി ചരിത്രം സൃഷ്ടിക്കുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ച് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ചവർ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള നിർമ്മാണത്തിനായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. അറുപത്തിരണ്ട് ലക്ഷത്തിലധികം പേർക്ക് 2000 രൂപ പെൻഷൻ മുറതെറ്റാതെ നൽകിയത് ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നും ഇത് 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് 1000 രൂപ നൽകുന്നതും അഞ്ച് ലക്ഷം യുവാക്കൾക്ക് പുതിയ കോഴ്‌സുകളിൽ ചേരാൻ 1000 രൂപ വീതം നൽകാനുള്ള തീരുമാനവും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എക്സിറ്റ് പോളുകളിൽ നിന്നുതന്നെ ഭരണവിരുദ്ധ വികാരമില്ലെന്ന് വ്യക്തമായതായും ജയിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

