തിരുവനന്തപുരം: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. സംസ്ഥാനത്തെ പകുതിയിലേറെ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം നടന്നതായും അപ്രതീക്ഷിത സീറ്റുകളിൽ ബി.ജെ.പി അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങൾ ഇടതു-വലതു മുന്നണികളെ മടുത്തുകഴിഞ്ഞുവെന്നും ബി.ജെ.പിയെ മൂന്നാം രാഷ്ട്രീയ ശക്തിയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തെ ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയവും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമെല്ലാം ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണെന്നും മാറ്റത്തിനായി വോട്ട് ചെയ്തവർ ബി.ജെ.പിക്ക് പിന്തുണ നൽകിയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. താഴേത്തട്ടിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ വലിയ ആത്മവിശ്വാസത്തോടെയാണ് ഫലത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

