കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഡോ. എം.കെ റാമിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിക്കായി ആന്ധ്രപ്രദേശിലും കർണാടകയിലുമായി 16 കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ 17 ദിവസമായി ഒളിവിലുള്ള പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുകയാണ്.
ഒരാഴ്ചയായി പോലീസ് സംഘം റാമിന്റെ ജന്മനാടായ ആന്ധ്രയിൽ തെരച്ചിൽ നടത്തുന്നുണ്ട്. ഇയാൾ ഫോണിൽ ബന്ധപ്പെടാൻ സാധ്യതയുള്ള സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പിടികൂടാൻ വൈകുന്നത് പോലീസിന്റെ വീഴ്ചയാണെന്നും, പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് സൗകര്യം ഒരുക്കുന്നുണ്ടെന്നും നിതിൻ രാജിന്റെ കുടുംബം ആരോപിച്ചു. അതേസമയം, എം.കെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
കേസിലെ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തലവനായ കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മുൻപാകെ ഹാജരായ സംഗീത നമ്പ്യാരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

