നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ മകൻ സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ കാട്ടിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍നിന്നും കഴിഞ്ഞദിവസമാണ് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ സജിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിലടക്കം പൊലീസ് കർശന നിരീക്ഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ കാട്ടിൽ ഒരു പാറക്ക് മുകളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്. കൊലപാതകത്തിൽ സജിക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
മേരിക്കുട്ടി മാത്യു, മൂത്ത മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. നാട്ടുകാർ ഇതേക്കുറിച്ച് തിരക്കിയപ്പോൾ സജി നൽകിയ പരസ്പര വിരുദ്ധമായ മറുപടികളാണ് സംശയത്തിന് ഇടയാക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മേരിക്കുട്ടിയുടെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയതും മൃതദേഹങ്ങൾ കണ്ടെത്തിയതും. തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയായി. ഇതിനിടെ 2018-ൽ സമാന സാഹചര്യത്തിൽ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ കാണാതായ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

