തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ (ഒന്നാം വർഷം) പരീക്ഷാഫലം ജൂൺ പത്തിനാണ് പ്രഖ്യാപിക്കുക.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മേയ് അവസാനത്തോട് കൂടി ഇതിന്റെ ഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. അതിനുശേഷം ഉടൻ തന്നെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ വിതരണവും തുടങ്ങും.
അതേസമയം, പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഴ്ചകൾ വരുത്തുന്ന സ്‌കൂൾ അധികാരികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

