മുംബൈ: ഭക്ഷ്യവിഷബാധയേറ്റ് ദമ്പതികളും അവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും മരിച്ചു. അബ്ദുള്ള (40), ഭാര്യ നസ്രിൻ (35), പെൺമക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. കുടുംബസംഗമത്തിന് ശേഷം ഇവർ കഴിച്ച തണ്ണിമത്തനിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏപ്രിൽ 25-ന് ജെ.ജെ മാർഗിലുള്ള വസതിയിലായിരുന്നു കുടുംബസംഗമം നടന്നത്.
സംഗമത്തിനെത്തിയ മറ്റ് അഞ്ച് അതിഥികൾക്കൊപ്പം കുടുംബം ബിരിയാണി കഴിച്ചിരുന്നു. എന്നാൽ അതിഥികൾ മടങ്ങിയതിന് പിന്നാലെ കുടുംബാംഗങ്ങൾ തണ്ണിമത്തൻ മുറിച്ച് കഴിച്ചു. ഇതിന് ശേഷമാണ് നാലുപേർക്കും കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ദമ്പതികളെയും കുട്ടികളെയും ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെ തുടർന്ന് ഞായറാഴ്ച ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി 10.30 ഓടെ കുടുംബനാഥനായ അബ്ദുള്ളയാണ് അവസാനമായി മരിച്ചത്. കുടുംബസംഗമത്തിൽ പങ്കെടുത്ത മറ്റ് അതിഥികൾക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ, ബിരിയാണിയല്ല തണ്ണിമത്തൻ തന്നെയാണ് വില്ലനായതെന്ന് പോലീസ് വിലയിരുത്തുന്നു.

