back to top
Tuesday, May 12, 2026
Homeകേരളംവാക്കുപാലിച്ച് മുസ്ലിം ലീഗ്; വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഗൃഹപ്രവേശം നടന്നു

വാക്കുപാലിച്ച് മുസ്ലിം ലീഗ്; വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഗൃഹപ്രവേശം നടന്നു

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഗൃഹപ്രവേശനം നടന്നു. ദുരന്തസമയത്ത് നൽകിയ വാക്കാണ് പാർട്ടി പാലിച്ചതെന്നും, ഏറ്റവും മനോഹരമായ വീടുകൾ നിർമ്മിച്ച് നൽകാനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ആകെ 105 വീടുകളാണ് ലീഗ് നിർമ്മിക്കുന്നത്. ഇതിൽ പണി പൂർത്തിയായ 51 വീടുകളാണ് കൈമാറിയത്. ബാക്കിയുള്ള 54 വീടുകളുടെ നിർമ്മാണം മെയ് മാസത്തിൽ പൂർത്തിയാക്കും.

രാഷ്ട്രീയമോ മറ്റ് നേട്ടങ്ങളോ നോക്കാതെ തികച്ചും മനുഷ്യത്വപരമായ സമീപനത്തോടെയാണ് സ്വന്തം വീട് വെക്കുന്നത് പോലെ ഇത് പൂർത്തിയാക്കിയതെന്ന് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. വീടിന് ആവശ്യമായ ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റും കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ് വഴിയാണ് ഇതിനാവശ്യമായ പണം സമാഹരിച്ചതെന്നും, ഒന്നിലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതെന്ന് കുഞ്ഞാലിക്കുട്ടി

കോൺഗ്രസിന്റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ വൈകാൻ കാരണം അവർ സർക്കാരിനെ വിശ്വസിച്ചുപോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിൽ നിന്ന് ഭൂമി കിട്ടുമെന്ന വിശ്വാസത്തിൽ കോൺഗ്രസും കാത്തിരുന്നു. അവർക്ക് കർണാടകയിൽ നിന്നുള്ള ഫണ്ടുകൾ മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ പദ്ധതി അനന്തമായി നീളുകയാണെന്ന് കോൺഗ്രസും തിരിച്ചറിഞ്ഞതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ പണി തുടരുമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും അടക്കം ഒരുപാട് അധിക സൗകര്യങ്ങൾ അവിടെ വരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ജാതിമത ഭേദമന്യേ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പാർട്ടിയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments