back to top
Wednesday, April 22, 2026
Homeകണ്ണൂർഅടഞ്ഞ വാതിലുകൾക്ക് മുന്നിൽ തോൽക്കാൻ അതുൽ തയ്യാറായിരുന്നില്ല; കാഴ്ചപരിമിതിയുള്ള യുവാവിന്റെ വീട്ടിലേക്കുള്ള റോഡ് ഒടുവിൽ യാഥാർത്ഥ്യമായി

അടഞ്ഞ വാതിലുകൾക്ക് മുന്നിൽ തോൽക്കാൻ അതുൽ തയ്യാറായിരുന്നില്ല; കാഴ്ചപരിമിതിയുള്ള യുവാവിന്റെ വീട്ടിലേക്കുള്ള റോഡ് ഒടുവിൽ യാഥാർത്ഥ്യമായി

കണ്ണൂർ/ശ്രീകണ്ഠാപുരം: സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്നത് കാഴ്ചപരിമിതിയുള്ള അതുലിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഒടുവിൽ ഇച്ഛാശക്തിയുടെയും അധികൃതരുടെ കൃത്യമായ ഇടപെടലിന്റെയും ഫലമായി ആ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ്. അതുലിന്റെ വീട്ടിലേക്ക് റോഡില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, മുൻ ശ്രീകണ്ഠാപുരം നഗരസഭ ഭരണസമിതിയുടെ കാലത്ത് അന്നത്തെ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ നേരിട്ടെത്തി റോഡ് സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ ഈ വിഷയം വാർഡ് സഭയുടെ മിനുട്സിൽ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തുടർനടപടികൾ വൈകി. ഇതോടെ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന അതുൽ നേരിട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച കലക്ടർ നഗരസഭയ്ക്ക് അടിയന്തര നോട്ടീസ് അയക്കുകയും, അടുത്ത മുൻഗണനാ പട്ടികയിൽ തന്നെ ഈ റോഡ് ഉൾപ്പെടുത്തണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. എന്നിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങിയപ്പോഴാണ് മുൻ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചറും സമീപ വാർഡിലെ കൗൺസിലറായ വിജിൽ മോഹനനും വീണ്ടും വിഷയത്തിൽ ഇടപെട്ടത്.

കലക്ടറുടെ കത്തിൻ്റെ പശ്ചാത്തലത്തിൽ ഈ റോഡ് നിർമ്മാണത്തിന് ഇവർ പ്രത്യേക പരിഗണന നൽകി ഫണ്ട് അനുവദിച്ചെടുക്കുകയായിരുന്നു. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി എട്ട് ലക്ഷം രൂപയും, വശങ്ങളിൽ അരിക് കെട്ടി സംരക്ഷിക്കുന്നതിനായി രണ്ട് ലക്ഷം രൂപയുമുൾപ്പെടെ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഈ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. കാഴ്ചപരിമിതിയുള്ള അതുലിന് ഏറെ ആശ്വാസകരമാണ് ഈ പുതിയ റോഡെന്നും, ഇത് അതുലിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണെന്നും മുൻ നഗരസഭാ കൗൺസിലർ വിജിൽ മോഹനൻ പറഞ്ഞു. വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന എല്ലാവരോടും അതുൽ നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments