തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തൃശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ നാൽപ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്.
വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്ക് അപ്പുറം വരെ കേട്ടതായാണ് നാട്ടുകാർ പറയുന്നത്. പൂരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതും, പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാകാത്തതും വലിയ വെല്ലുവിളിയാണ്.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ തൃശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

