മലപ്പുറം: യു.ഡി.എഫ് സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ അനൗദ്യോഗിക ധാരണയായതായി സൂചന. അഞ്ച് മന്ത്രിമാരുടെ സാധ്യതാ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിവരങ്ങൾ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിലേക്ക് എത്തിയേക്കും. അഞ്ച് മന്ത്രിസ്ഥാനവും, വിദ്യാഭ്യാസ വകുപ്പും യു.ഡി.എഫിൽ ലീഗ് ആവശ്യപ്പെടാനാണ് സാധ്യത. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് നിർണായകമാകും.
സാധ്യത കൽപ്പിക്കപ്പെടുന്ന മന്ത്രിമാരും വകുപ്പുകളും:
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താഴെ പറയുന്ന നേതാക്കളാണ് ലീഗിന്റെ സാധ്യതാ പട്ടികയിലുള്ളത്:
• പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായം)
• എൻ. ഷംസുദ്ദീൻ (വിദ്യാഭ്യാസം)
• വി.ഇ. അബ്ദുൾ ഗഫൂർ (പൊതുമരാമത്ത്)
• കെ.എം. ഷാജി (തദ്ദേശ സ്വയംഭരണം)
• പി.കെ. ബഷീർ (ന്യൂനപക്ഷം, പ്രവാസി ക്ഷേമം)
ആദ്യഘട്ട ചർച്ചകളിൽ കടന്നുവരാതിരുന്ന, മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ കൂടിയായ വി.ഇ അബ്ദുൾ ഗഫൂർ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ശനിയാഴ്ചയോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
കോഴിക്കോടിനും കാസർകോടിനും മന്ത്രി വേണമെന്ന് ആവശ്യം
അതേസമയം, കോഴിക്കോട് ജില്ലയിൽ നിന്നും ഒരു മന്ത്രി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിൽ ആറുപേരാണ് ലീഗിൽനിന്ന് വിജയിച്ചത്. അതിനാൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കാസർകോട്ടുനിന്നും സമാനമായ ആവശ്യമുണ്ട്. മഞ്ചേശ്വരത്തുനിന്നു വിജയിച്ച എ.കെ.എം അഷ്‌റഫിനെ പരിഗണിക്കണമെന്നാണ് കാസർകോടിന്റെ ആവശ്യം. ഉന്നതാധികാരസമിതിയിൽ ഇക്കാര്യങ്ങൾ ചർച്ചയായേക്കും.
യു.ഡി.എഫിന് മികച്ച വിജയം ലഭിച്ചെങ്കിലും കോഴിക്കോട് ജില്ലയിൽനിന്ന് ഒരു മന്ത്രിക്കേ സാധ്യതയുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അങ്ങനെയാണെങ്കിൽ കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറോ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തോ മന്ത്രിയായേക്കുമെന്നും സൂചനകളുണ്ട്.

