തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കുന്നു. എ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡുമായി മൂവർ സംഘം കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രിയോടെയാണ് നേതാക്കൾ ദില്ലിയിലെത്തുക.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ വടംവലി ശക്തമാണ്. 45-ലധികം എം.എൽ.എമാരുടെ രേഖാമൂലമുള്ള പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. പക്ഷത്തിന്റെ അവകാശവാദം. ഹൈക്കമാൻഡ് ഈ കണക്കുകൾ ഗൗരവമായി പരിഗണിക്കുമെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ, ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണയും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റിയതിലെ പങ്കും തനിക്ക് തുണയാകുമെന്ന് വി.ഡി. സതീശൻ പ്രതീക്ഷിക്കുന്നു.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തർക്കം രൂക്ഷമായാൽ ഒരു സമവായ സ്ഥാനാർത്ഥിയായി താൻ തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ രമേശ് ചെന്നിത്തലയും കൈവിടുന്നില്ല.

