തിരുവനന്തപുരം: കേരളം അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറന്നു കഴിഞ്ഞു.
ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ ഭരണത്തുടർച്ചയാണോ അതോ ഭരണമാറ്റമാണോ എന്ന കാര്യത്തിൽ പൂർണ്ണമായ ചിത്രം തെളിയും. 140 മണ്ഡലങ്ങളിലായി 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയും ഇന്നറിയാം.
മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, നേരിയ ഭൂരിപക്ഷത്തിലെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരമേൽക്കുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. നിർണ്ണായക ശക്തിയായി മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

