back to top
Tuesday, May 12, 2026
Homeകണ്ണൂർകൊടും വേനല്‍: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുമണി വരെ വെയിലത്തിറക്കരുത്

കൊടും വേനല്‍: വളര്‍ത്തുമൃഗങ്ങളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുമണി വരെ വെയിലത്തിറക്കരുത്


അമിതമായ ചൂട് അഥവാ ഹീറ്റ് സ്‌ട്രോക് മനുഷ്യരെപ്പോലെതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനാല്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുമണി വരെ വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് ഇറക്കരുതെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ് അനില്‍ കുമാര്‍ അറിയിച്ചു. പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കണം. പശുക്കളെ മേയുന്നതിനായി അതിരാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കുക. ഈ സമയം ഇവയെ തൊഴുത്തില്‍ തന്നെ നിര്‍ത്തി ശുദ്ധജലം നല്‍കുന്നതിനായി സമയം ക്രമീകരിക്കുക. 

പശുക്കള്‍ക്കും മറ്റും ഉല്‍പാദനക്ഷമത കുറയുന്നതിനു പുറമേ രോഗങ്ങള്‍ക്കും കടുത്ത ചൂട് കാരണമാകും. പെട്ടെന്ന് ദഹിക്കുന്ന നാരുകള്‍ ഉള്ളതും ജലാംശമുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കണം. പശുക്കളുടെ ശരീരത്തില്‍ നേരിട്ട് വെള്ളമൊഴിക്കുന്നതിനു പകരം സ്പ്രിന്‍ക്‌ളര്‍, മിസ്റ്റ്, ഷവര്‍ എന്നിവ ഉപയോഗിച്ച് അരമണിക്കൂറില്‍ മൂന്ന് മിനിറ്റ് വീതം തുള്ളി നന നല്‍കുകയും വശങ്ങളില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും വേണം. ഉമിനീര്‍ ധാരാളം നഷ്ടപ്പെടുന്നത് വഴി ആമാശയത്തിലുണ്ടാകുന്ന അസിഡോസിസ് കുറയ്ക്കാന്‍ ഒരു കിലോ തീറ്റയില്‍ പത്ത് ഗ്രാം സോഡിയം ബൈകാര്‍ബണേറ്റ് അഥവാ അപ്പക്കാരം ചേര്‍ത്തു നല്‍കണം.
എരുമകള്‍ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ കുറവായതിനാല്‍ മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള വെള്ളം നിറച്ച ടാങ്കര്‍ ഒരുക്കണം. വളര്‍ത്തു പക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാന്‍ ലഭ്യമാക്കണം. വൈറ്റമിന്‍ സി, ഇലക്ട്രോലൈറ്റ്‌സ് പ്രൊബയോട്ടിക്സ് എന്നിവ കൂടി വെള്ളത്തില്‍ ചേര്‍ത്ത് നല്‍കണം. മൃഗങ്ങളില്‍ ശാരീരിക അസ്വസ്ഥത, കിതപ്പ്, തളര്‍ച്ച, ഭക്ഷണത്തോടു മടുപ്പ്, പനി, വായില്‍ നിന്നു നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിയിടുക, പൊള്ളിയ പാടുകള്‍ തുടങ്ങിയ അപകട ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. 

താപ സമ്മര്‍ദ്ദത്തിനുള്ള പരിഹാര മാര്‍ഗങ്ങള്‍

* പശുക്കളുടെ കിതപ്പു കൂടിയാല്‍ തണുത്ത ചാക്കോ തുണിയോ ദേഹത്ത് ഇട്ടുകൊടുക്കണം. ആടുകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ചൂടു താങ്ങാന്‍ ശേഷി കൂടുതലാണ്.
* തൊഴുത്തിന്റെ മേല്‍ക്കൂര ടിന്‍ ഷീറ്റാണെങ്കില്‍ ഷീറ്റിനു പുറത്ത് ചൂട് നിയന്ത്രിക്കുന്നതിന് ഓല പോലുള്ള സാമഗ്രികള്‍ നിരത്തി ഇടവിട്ട് നനയ്ക്കുക.
* ഫാമുകളിലും മറ്റും മൃഗങ്ങളെ തിങ്ങി നിറച്ച് നിര്‍ത്തരുത്. അനുവദനീയമായതില്‍ കൂടുതല്‍ എണ്ണത്തെ പാര്‍പ്പിക്കുന്നത് ഒഴിവാക്കുക. (മുട്ടക്കോഴിക്ക് ഒന്നര ചതുരശ്രയടി സ്ഥലം ആവശ്യമാണെന്നാണ് കണക്ക്) * നായ, പൂച്ച തുടങ്ങിയ അരുമ മൃഗങ്ങളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കഴിവതും ഒഴിവാക്കുക. രോമക്കുപ്പായം കൂടുതലുള്ളവയുടെ രോമം വെട്ടി ഒതുക്കുന്നതും അഭികാമ്യം.
* മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നാല്‍ പുലര്‍ച്ചയോ വൈകിട്ടോ സമയം തെരഞ്ഞെടുക്കുക.
* മുഴുവന്‍ സമയവും മൃഗങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുക.
* പ്രായം കുറഞ്ഞത്, വലുപ്പം കൂടിയത്, പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമായവ, കറുത്ത നിറമുള്ളത് എന്നീ വിഭാഗങ്ങളിലുള്ള മൃഗങ്ങളെയാണ് ചൂട് കൂടുതലായി ബാധിക്കുന്നത്.
* പശു, കോഴി, പന്നി എന്നിവയ്ക്കായി ഓട്ടമാറ്റിക് ഡ്രിങ്കര്‍ സ്ഥാപിച്ചിട്ടുള്ളതിന്റെ പൈപ്പ് ലൈന്‍ മണ്ണില്‍ അര അടി താഴ്ചയിലെങ്കിലും സ്ഥാപിക്കണം.
* തൊഴുത്തിന് പരിസരമുള്ള തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റാതിരിക്കുക.
* തൊഴുത്തില്‍ കാറ്റുവരുന്ന ഭാഗത്ത് നനഞ്ഞ ചണച്ചാക്ക് തൂക്കിയിട്ടാല്‍ ചൂട് കുറയ്ക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments