പെരിങ്ങോം: ക്ഷേത്ര കളിയാട്ട സ്ഥലത്ത് തൊഴാനെത്തിയ വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കർണ്ണാടക കോലാർ ഭാരതി നഗർ സ്വദേശി നാരായണൻ്റെ മകൾ വിരാജ് പേട്ട ഇന്ദിര നഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനിത (38), വിരാജ് പേട്ട ടവർ ഗേറ്റിന് സമീപത്തെ രാമയ്യയുടെ മകൾ ആർ. ഗീത (40) എന്നിവരെയാണ് പെരിങ്ങോം എസ്. ഐ. സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.
പാണപ്പുഴ പറവൂരിലെ പി.വി. രോഹിണിയുടെ (76) മാലയാണ് പ്രതികൾ കവർന്നത്. ഇന്നലെ വൈകുന്നേരം 3 മണിക്ക് മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിൽ വെച്ചാണ് മോഷണം. ക്ഷേത്രത്തിൽ വെച്ച് തിക്കിതിരക്കിയ നാലംഗ സ്ത്രീകളുടെസംഘമാണ് മാലകവർന്നത്.
വയോധികയുടെ കഴുത്തിൽ നിന്നും ലോക്കറ്റ് ഉൾപ്പെടെയുള്ള അഞ്ചര പവൻ്റെ മാലകവർന്ന നാലംഗസംഘം രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചനിരീക്ഷണ ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു.
തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ യാണ് രണ്ടു മോഷ്ടാക്കളെ സംഭവ സ്ഥലത്ത് വെച്ച് പോലീസ് പിടികൂടിയത്. മറ്റു രണ്ടു പേർ അഞ്ചര പവൻ്റെ മാലയുമായി കടന്നു കളഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തിട്ടും മാല കണ്ടെത്താനോ മറ്റു രണ്ടു പേരെ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

