തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാറ്റിൽ മരങ്ങളും വൈദ്യുതത്തൂണുകളും തകർന്നു വീണതോടെ പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായി.
മുയ്യം പള്ളിവയൽ എ. എബ്രഹാമിന്റെ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് വലിയ നാശനഷ്ടമുണ്ടായി. പരിയാരം പഞ്ചായത്തിലെ മുക്കുന്നിൽ പി.പി. സരോജിനിയുടെ വീടിന് മുകളിലേക്ക് അയൽവീട്ടിലെ തെങ്ങ് ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു.
വൈദ്യുതി മേഖലയിലാണ് ഏറെ ആഘാതമുണ്ടായത്. കീരിയാട് വൈദ്യുതത്തൂണിന് മുകളിൽ മരം വീണ് തൂൺ തകർന്നു. വടക്കാഞ്ചേരി റോഡ് പടുവളം ട്രാൻസ്‌ഫോർമറിന് സമീപവും, കണിച്ചാമൽ ആലയിൽപ്പടിയിലും മരങ്ങൾ വീണു. പാലകുളങ്ങര അമ്പലത്തിന് സമീപവും കൂവോട് കുന്നൂൽ കാവിനടുത്തും വൈദ്യുതി ലൈനുകൾക്ക് മുകളിൽ കവുങ്ങുകൾ ഒടിഞ്ഞുവീണു.
വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നതോടെ രാത്രി വൈകിയും നഗരത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്.

