back to top
Wednesday, April 22, 2026
Homeകണ്ണൂർഅശാസ്ത്രീയ മാലിന്യ സംസ്കരണം സ്കൂളിന് കാൽ ലക്ഷം രൂപ പിഴ

അശാസ്ത്രീയ മാലിന്യ സംസ്കരണം സ്കൂളിന് കാൽ ലക്ഷം രൂപ പിഴ

കണ്ണൂർ/തൃപ്രങ്ങോട്ടൂർ: അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ചതിനെത്തുടർന്ന് വിദ്യാലയത്തിന് കാൽ ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കടവത്തൂർ വെസ്റ്റ് യു.പി സ്‌കൂളിനാണ് 25,000 രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്കൂൾ അധികൃതരുടെ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.

സ്കൂളിന് പിറകുവശത്തെ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്നായി ജൈവ-അജൈവ മാലിന്യങ്ങൾ യാതൊരുവിധത്തിലും തരംതിരിക്കാതെ അലക്ഷ്യമായി നിക്ഷേപിച്ച നിലയിലായിരുന്നു. പഴയ പുസ്തകങ്ങൾ, കടലാസുകൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ കപ്പുകൾ, കുടിവെള്ള കുപ്പികൾ, ശീതള പാനീയങ്ങളുടെ കുപ്പികൾ തുടങ്ങിയവ ഈ മാലിന്യക്കൂമ്പാരത്തിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ഹരിത കർമ്മ സേന സ്‌കൂളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ തയ്യാറായിരുന്നിട്ടും, ഇവ പൂർണ്ണമായി അവർക്ക് കൈമാറാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.

ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതോടെ കേരള പഞ്ചായത്ത് രാജ് ആക്ട് 219 എ സി, 219 എൻ, 219 വി എന്നീ വകുപ്പുകൾ പ്രകാരം സ്‌കൂളിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ഇതിന് പുറമെ സ്‌കൂളിന് നേരത്തെ നൽകിയിരുന്ന ശുചിത്വ പദവി അടിയന്തരമായി റദ്ദ് ചെയ്യാനും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് കർശന നിർദ്ദേശം നൽകി. ഇവിടെ നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും സ്കൂൾ സ്വന്തം ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, പ്രവീൺ പി.എസ്, ഹെൽത്ത് ഇൻസ്പെക്ടർ രാഖി എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments