ന്യൂഡൽഹി: വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ കളിക്കാർക്കായി വിപ്ലവകരമായ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഫിഫ ഒരുങ്ങുന്നു. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അച്ചടക്കം കർശനമാക്കുന്നതിന്റെ ഭാഗമായി ചുവപ്പ് കാർഡ് നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്. കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങളും അനാവശ്യ തടസ്സങ്ങളും ഒഴിവാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ നിയമങ്ങൾ ഇങ്ങനെ:
1. വായ മറച്ചുപിടിച്ചുള്ള സംസാരം: എതിരാളിയോട് സംസാരിക്കുമ്പോൾ വസ്ത്രം കൊണ്ടോ കൈ കൊണ്ടോ വായ മറച്ചുപിടിച്ചാൽ ഇനി മുതൽ റെഡ് കാർഡ് ലഭിക്കും. വംശീയ അധിക്ഷേപങ്ങൾക്കും അശ്ലീലം പറയുന്നതിനുമായി കളിക്കാർ ഈ മാർഗ്ഗം ദുരുപയോഗം ചെയ്യുന്നത് തടയാനാണിത്. വിനീസ്യൂസ് ജൂനിയറിനെതിരെയുണ്ടായ അധിക്ഷേപ സംഭവങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഈ തീരുമാനം.
2. പിച്ച് വിട്ടുപോകൽ: റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ടിറങ്ങുന്ന താരങ്ങൾക്കും ഇനി റെഡ് കാർഡ് നേരിടേണ്ടി വരും. കളി തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ടീമുകളുടെ പെരുമാറ്റം കർശനമായി നിയന്ത്രിക്കുമെന്ന് ഫിഫ വ്യക്തമാക്കി.
ജൂലൈയിൽ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ആരംഭിക്കുന്ന ലോകകപ്പിൽ ഈ നിയമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.

