back to top
Friday, April 24, 2026
Homeദേശീയംകൊൽക്കത്തയെ 'ചേരികളുടെ നഗരം' എന്ന് വിളിച്ച് അമിത് ഷാ; രാഷ്ട്രീയ വിനോദസഞ്ചാരിയെന്ന് തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയെ ‘ചേരികളുടെ നഗരം’ എന്ന് വിളിച്ച് അമിത് ഷാ; രാഷ്ട്രീയ വിനോദസഞ്ചാരിയെന്ന് തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമബംഗാളിന്റെ തലസ്ഥാനമായ ​കൊൽക്കത്തയെ ‘ചേരികളുടെ നഗരം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ കനത്ത പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. ഡം ഡമ്മിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷാ ഇത്തരമൊരു പരാമർശം നടത്തിയത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കളും രാജ്യസഭാ എം.പിമാരുമായ ഡെറക് ഒബ്രയൻ, സാഗരിക ഘോഷ് എന്നിവർ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

അമിത് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡെറക് ഒബ്രയന്റെ വിമർശനം. അമിത് ഷായെ ‘രാഷ്ട്രീയ വിനോദസഞ്ചാരി’ എന്നും ‘ബംഗാൾ വിരുദ്ധൻ’ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൊൽക്കത്തയെ ചേരികളുടെ നഗരമെന്ന് വിളിക്കാൻ അമിത് ഷാക്ക് എത്രമാത്രം ധൈര്യമുണ്ടെന്നും ഒബ്രയാൻ തന്റെ പോസ്റ്റിൽ ചോദിച്ചു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സാഗരിക ഘോഷും വിമർശനം കടുപ്പിച്ചു. ബംഗാളിനെക്കുറിച്ച് യാതൊരു അറിവില്ലാത്ത വ്യക്തിയാണ് അമിത് ഷായെന്നും, ടാഗോറിന്റെ പേരുപോലും മര്യാദയ്ക്ക് ഉച്ചരിക്കാൻ അറിയാത്ത അദ്ദേഹം കൊൽക്കത്തയെ അപമാനിക്കുകയാണെന്നും സാഗരിക ഘോഷ് എക്സിൽ കുറിച്ചു. പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് അമിത് ഷായെന്നും അവർ കൂട്ടിച്ചേർത്തു.

അമിത് ഷായുടെ ഈ പരാമർശം പൂർണ്ണമായും ബംഗാൾ വിരുദ്ധമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം. സന്തോഷത്തിന്റെ നഗരം, ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം, കിഴക്കൻ ഇന്ത്യയുടെ കവാടം, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള കൊൽക്കത്തയെയാണ് അമിത് ഷാ ചേരികളുടെ നഗരമെന്ന് വിളിച്ചതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. നഗരം പടുത്തുയർത്തിയ സാധാരണക്കാരെ ബി.ജെ.പി അവഹേളിക്കുകയാണെന്നും, ഈ ബംഗാൾ വിരുദ്ധരെ സംസ്ഥാനത്തേക്ക് കടക്കാൻ അനുവദിച്ചാൽ എന്താകും സംഭവിക്കുകയെന്ന് ചിന്തിക്കണമെന്നും അമിത് ഷായുടെ വീഡിയോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments