തൃശൂർ: തൃശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടുള്ള കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ ആറായി. വൈകീട്ട് അഞ്ച് മണി വരെയുള്ള ദൃക്സാക്ഷികളുടെ വിവരങ്ങൾ പ്രകാരമാണിത്. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത്.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീഷിന്റെ പുരയിലായിരുന്നു അപകടം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമിച്ചിരുന്നത്.
വലിയ ശബ്ദത്തോടെ രണ്ട് സ്‌ഫോടനങ്ങളാണ് ആദ്യം ഉണ്ടായതെന്നും, കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടന ശബ്ദം കേട്ടുവെന്നും പ്രദേശവാസികൾ പറയുന്നു. അപകടസ്ഥലത്തേക്ക് വലിയ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് ആദ്യഘട്ടത്തിൽ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

