കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസ്. ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റവും സൈബർ നിയമങ്ങളും ചുമത്തി ചക്കരക്കൽ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ആപ്പ് അധികൃതർ നിതിനെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
പതിനയ്യായിരം രൂപയാണ് (15,000) നിതിൻ ഈ ആപ്പിൽ നിന്നും വായ്പയായി എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുകാർ നിതിന്റെ ഫോൺ കോൺടാക്റ്റുകളിലുള്ളവരെ വിളിക്കാൻ തുടങ്ങി. കോളേജിലെ അധ്യാപികയായ ലതയ്ക്കും ലോൺ ആപ്പിൽ നിന്നും നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. ഇതേത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ ചേംബറിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പിന്റെ മാനസിക പീഡനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു.
നിരന്തരം ഫോൺ കോളുകൾ വന്നതിനെ തുടർന്ന് അധ്യാപികയായ ലത നേരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഈ പരാതി സൈബർ സെൽ ചക്കരക്കൽ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തി സ്വമേധയാ കേസെടുത്തത്.
അതേസമയം, നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം കേസെടുത്തിരുന്ന കോളേജിലെ ഡോ. എം.കെ റാം, സംഗീത എന്നിവർ ഇപ്പോഴും ഒളിവിലാണ്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കോളേജ് മാനേജ്മെന്റ് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

