കോഴിക്കോട്/ന്യൂഡൽഹി: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. യു.ഡി.എഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ നേതാക്കൾ തന്നെയാണ് ഈ വിവാദങ്ങൾക്ക് വഴിവെച്ചതെന്നും അവർ കരുതുന്നു. നേതാക്കൾ പരസ്യ പ്രസ്താവനകൾ തുടർന്നാൽ ഹൈക്കമാൻഡിന്റെ ഇടപെടൽ ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കേണ്ടതില്ലെന്നും കോൺഗ്രസ് ഔദ്യോഗികമായി അഭിപ്രായം തേടുമ്പോൾ മാത്രം നിലപാട് വ്യക്തമാക്കിയാൽ മതിയെന്നുമാണ് ലീഗിലെ ധാരണ.
ഹൈക്കമാൻഡ് നിരീക്ഷണത്തിൽ; കർശന നിർദ്ദേശം
യു.ഡി.എഫ് ക്യാമ്പിലെ ചർച്ചകളും വടംവലികളും ഹൈക്കമാൻഡ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരുവിധ പരസ്യ പ്രതികരണങ്ങളും പാടില്ലെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഈ നിർദ്ദേശം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
വോട്ടെണ്ണലിന് മുൻപേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ഉയരുകയും, സോഷ്യൽ മീഡിയയിൽ അനുയായികൾ തമ്മിലുള്ള വാക്പോര് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. കെ.സി വേണുഗോപാലിനെ അനുകൂലിച്ച് കെ. സുധാകരനടക്കമുള്ളവർ രംഗത്തെത്തിയപ്പോൾ അതിനെ തള്ളി വി.ഡി സതീശന് വേണ്ടിയുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
ചെന്നിത്തല ഡൽഹിയിൽ
കെ.സി വേണുഗോപാലിനും വി.ഡി സതീശനുമായുള്ള പോരിനിടെ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് രമേശ് ചെന്നിത്തല. ഇതിനിടെ ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ട് ചർച്ച നടത്തും. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷമേ മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകൂ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

