ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
തന്നെക്കുറിച്ച് പുറത്തുവരുന്ന പല വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കുമെന്ന കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ല. ഇന്നലെ സി.പി.എം പി.ബി അംഗം എം.എ ബേബി വീട്ടിലെത്തി കണ്ടിരുന്നുവെന്നും സുധാകരൻ സ്ഥിരീകരിച്ചു.
പാർട്ടിയിലെ ചില നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മൂന്ന് ആഴ്ച മുൻപ് പാർട്ടി മെമ്പർഷിപ് പുതുക്കാൻ ആളുവന്നപ്പോൾ താൻ പുതുക്കിയിരുന്നില്ല. ഇതൊരു ജില്ലാ കമ്മിറ്റി അംഗമാണ് മാധ്യമങ്ങൾക്ക് ചോർത്തിയത്. താൻ പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ല, എന്നാൽ കടുത്ത വ്യക്തിഹത്യയാണ് നേരിടുന്നത്. അച്ഛനെ വരെ ചിലർ അധിക്ഷേപിച്ചു. മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് താൻ പാർട്ടി പ്രവർത്തനം നടത്തിയതെന്നും ഹൈസ്കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മന്ത്രി സജി ചെറിയാനെതിരെയും അദ്ദേഹം ഒളിയമ്പെയ്തു. ഭരണഘടനയെ ‘കുന്തം, കുടചക്രം’ എന്നൊന്നും താൻ പറയില്ലെന്നും, യഥാർത്ഥ പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.


