കോഴിക്കോട്: പയ്യന്നൂരിൽ സ്വകാര്യ ബസിനുള്ളിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഷിംജിത ഉന്നയിച്ച വ്യാജ ആരോപണങ്ങളാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം വാദിച്ചിരുന്നു. പ്രതിയുടെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി നടപടി. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.


