തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ ഡിഹണ്ടിന്റെ’ ഭാഗമായി വ്യാപക പരിശോധന. ജനുവരി 18-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1489 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകൾ രജിസ്റ്റർ ചെയ്യുകയും 97 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
• പരിശോധനയിൽ എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് മാഫിയയുടെ സംഭരണ-വിതരണ ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ഈ നടപടികൾ ഏകോപിപ്പിക്കുന്നു.
• പൊതുജനങ്ങൾക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം (9497927797) സജ്ജമാണ്. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.


