തിരുവനന്തപുരം: തനിക്ക് പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഭാടങ്ങൾ പരമാവധി കുറച്ച് ഭരണകൂടം ജനങ്ങൾക്ക് മാതൃകയാകേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ അത് ഭരണസംവിധാനത്തിന് നൽകുന്ന തെറ്റായ സന്ദേശമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിലവിലുള്ള കാർ ഉപയോഗിക്കും, ആർഭാടം വേണ്ട’
നിറം നോക്കാതെ നിലവിലുള്ള കാർ തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. “വലിയ ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ആളുകൾ എന്നെ ഉള്ളിൽ കളിയാക്കി ചിരിക്കും. ഞാൻ അത്രയ്ക്കൊന്നും ആയിട്ടില്ല. പോകുന്ന വഴിയിൽ ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ട്,” വി.ഡി സതീശൻ വ്യക്തമാക്കി. വിരലിൽ എണ്ണാവുന്നതിൽ താഴെ വാഹനങ്ങൾ മാത്രമേ തന്റെ അകമ്പടിക്കായി പാടുള്ളുവെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
‘ഖജനാവിന് ശേഷിയില്ല’
മുൻപ് അധികാരത്തിലിരുന്നവരെ പരിഹസിക്കുകയല്ലെന്നും അവർക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് ആഡംബരത്തിന്റെ ആവശ്യമില്ല. മുകളിലിരിക്കുന്നവർ പത്രാസും ആർഭാടവും കാണിച്ചാൽ താഴെയുള്ളവരും അത് അനുകരിക്കും. അതിനുള്ള ശേഷി നിലവിൽ കേരളത്തിന്റെ ഖജനാവിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതശൈലി പിന്തുടരണമെന്ന ശക്തമായ സന്ദേശമാണ് നിയുക്ത മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നത്.

