തിരുവനന്തപുരം/ന്യൂഡൽഹി: ഒരാഴ്ച നീണ്ട കടുത്ത അനിശ്ചിതത്വങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ വെച്ചാകും എം.എൽ.എമാരെ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം അറിയിക്കുക. മുഖ്യമന്ത്രിയുടെ പേര് അടങ്ങിയ മുദ്രവെച്ച കവർ എ.ഐ.സി.സി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു.
എല്ലാവർക്കും സ്വീകാര്യമായ ‘പ്രത്യേക ഫോർമുല’
സതീശൻ, ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നീ മൂന്ന് പേരുകളിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രത്യേക ഫോർമുലയാണ് ഹൈക്കമാൻഡ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആരെയും ഒഴിവാക്കിയെന്ന സന്ദേശം നൽകാത്ത വിധത്തിലായിരിക്കും തീരുമാനങ്ങൾ. നിയമസഭാ കക്ഷി യോഗം നടക്കുന്ന അതേ സമയം തന്നെ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളെയും ഹൈക്കമാൻഡ് തീരുമാനം ബോധ്യപ്പെടുത്തും. നേതൃത്വത്തിനിടയിൽ ഭിന്നതകളുണ്ടെന്ന വാർത്തകളെ തള്ളിക്കൊണ്ട് നേതാക്കൾ എല്ലാവരും ഒരുമിച്ചു നിന്ന് ‘ടീം യു.ഡി.എഫ്’ ആണെന്ന സന്ദേശം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്.
കെ.സി വേണുഗോപാൽ ഡൽഹിയിൽ തന്നെ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നായ കെ.സി വേണുഗോപാൽ ഡൽഹിയിലെ വസതിയിൽ തന്നെ തുടരുകയാണ്. അദ്ദേഹം നിയുക്ത മുഖ്യമന്ത്രിയായാണോ അതോ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിലാണോ യോഗത്തിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുന്നുണ്ട്. പ്രഖ്യാപനം വന്ന ശേഷം ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സാധാരണയായി കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് വാർത്തകൾ ചോരാറുണ്ടെങ്കിലും, ഇത്തവണ അത്യന്തം രഹസ്യാത്മകമായാണ് ഹൈക്കമാൻഡ് പ്രവർത്തിച്ചത്. ആരാണ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ ഒരു പേരിലേക്ക് ഇപ്പോഴും മാധ്യമങ്ങൾക്കോ നിരീക്ഷകർക്കോ എത്താൻ സാധിക്കാത്ത വിധം കടുത്ത രഹസ്യസ്വഭാവമാണ് പാർട്ടി കാത്തുസൂക്ഷിക്കുന്നത്.

