back to top
Monday, May 11, 2026
Homeകണ്ണൂർമുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍

മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍

കണ്ണൂര്‍: അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍ വേണ്ടിയുള്ളതാണെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴും അഴീക്കോട് പരാജയപ്പെട്ടതിനു കാരണം മുന്നണിക്കും പാര്‍ട്ടിക്കും ഉള്ളില്‍ തിരയുന്നതിനു പകരം അപര ശത്രുവിനെ തേടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും ആഭ്യന്തര തര്‍ക്കങ്ങളും മറച്ചുവെക്കാന്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണിത്. ജനവിധിയെ മാനിച്ച് ആത്മപരിശോധന നടത്തേണ്ട സമയത്ത്, വോട്ടര്‍മാരെ അപമാനിക്കുകയും രാഷ്ട്രീയ എതിരാളികളെ ”തീവ്രവാദികള്‍” എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ ധാര്‍മികതയല്ല.

വര്‍ഗീയ പാര്‍ട്ടി എന്നത് എസ്ഡിപിഐയേക്കാള്‍ കൂടുതല്‍ യോജിക്കുന്നത് മുസ് ലിം ലീഗിനു തന്നെയാണെന്ന് കരീം തിരിച്ചറിയണം. മുസ് ലിം ലീഗിന്റെ വിലകുറഞ്ഞ രാഷ്ട്രീയ സമീപനങ്ങളും നിലപാടുകളും മൂലം ചാട്ടവാറടിയേല്‍ക്കേണ്ടി വരുന്നത് ഒരു സമൂഹം ഒന്നടങ്കമാണ്. മറ്റുള്ളവരുടെ മേല്‍ തീവ്രവാദ ആരോപണം നടത്തുന്നവര്‍ നടത്തിയിട്ടുള്ള ബോംബ് നിര്‍മാണങ്ങളും സ്ഫോടനങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും പരിശോധിക്കുന്നത് നന്നാവും. സ്വന്തം വീഴ്ചകളെയും പരാജയങ്ങളെയും മറച്ചുപിടിക്കാന്‍ നടത്തുന്ന തരംതാണ പരിപാടികള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപറമ്പ, ജനറൽ സെക്രട്ടറി മുസ്തഫാ നാറാത്ത്, അഴിക്കോട് മണ്ഡലം പ്രസിഡന്റ്‌ അബ്ദുള്ള നാറാത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments